ഖുർആൻ പരീക്ഷയെക്കുറിച്ച്
മുസ്ലിം ഉമ്മത്തിന് എന്നും അന്തസ്സും ആഭിജാത്യവുമേകി നിലകൊള്ളുന്നൂ വിശുദ്ധ ഖുർആൻ. ജീവിതത്തിന് പാതയും പാഥേയവുമേകുന്ന, ലക്ഷ്യവും വെളിച്ചവും നല്കുന്ന ഖുർആനിന്റെ ചാരത്ത് വിശ്വാസീ ലോകം ആത്മശാന്തിയും അനുഭൂതിയും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അടുക്കുന്തോറും ഖുർആനിലൂടെ വിശ്വാസിക്ക് ലഭിക്കുന്നത് അങ്കലാപ്പില്ലാത്ത ജീവിതമാണ്. അല്ലാഹു പറഞ്ഞതാണ് സത്യം:
“സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുർആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു.” (ഇസ്റാഅ്: 82) ഇരുളില്ലാത്ത ജീവിതവും, ജാഗ്രത്തായ കാൽവെപ്പുകളും , പ്രതീക്ഷയോടെയുള്ള കർമ്മങ്ങളും, ഐഹികവും പാരത്രികവുമായ ജീവിതത്തിലെ വിജയങ്ങൾക്കുതകുന്ന അമലുസ്സ്വാലിഹാത്തുകളും (സൽകർമ്മങ്ങൾ) ഖുർആനിൽ നിന്നല്ലാതെ ലഭിക്കുക സാധ്യമല്ല. ഏറ്റവും ചൊവ്വായ വഴിയിലേക്കാണ് ഖുർആൻ മനുഷ്യനെ നയിക്കുന്നത്. നിരാശയും നിഷ്ക്രിയത്വവുമല്ല, പ്രത്യാശയും പ്രവർത്തന നൈരന്തര്യവുമാണ് അതിന്റെ സംഭാവന. അല്ലാഹു പറയുന്നത് വായിക്കുക:
“തീർച്ചയായും ഈ ഖുർആൻ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുന്ന സത്യവിശ്വാസികൾക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷ വാർത്ത അറിയിക്കുകയും ചെയ്യുന്നു.” (ഇസ്റാഅ്: 9) വിശ്വാസികളുടെ ഹൃദയങ്ങള്‍ സജീവമായി നില്ക്കുന്നതും, ആരാധനാ കർമ്മങ്ങളിലൂടെ സുഗന്ധം പരക്കുന്നതും, ജീവതത്തിന്റെ മുക്കുമൂലകൾ പ്രകാശം കൊണ്ട് പ്രശോഭിതമാകുന്നതും ഖുർആൻ കൊണ്ടു മാത്രമാണ്. ദൈവസ്മരണയാൽ വിറകൊള്ളുന്ന ഹൃദയവും, ഖുർആനിക വചനങ്ങൾ കേൾക്കുന്തോറും വർദ്ധിച്ചു കൊണ്ടിരിക്കുന്ന വിശ്വാസവും അല്ലാഹുവിൽ നിന്ന് അവർക്കു മാത്രം ലഭിക്കുന്ന രണ്ടനുഗ്രഹങ്ങളാണ്. ഹൃദയാന്തരങ്ങളിൽ ഖുർആൻ ആന്ദോളനങ്ങൾ സൃഷ്ടിക്കുമ്പോഴാണ് പഞ്ചേന്ദ്രിയങ്ങൾ പ്രകമ്പനം കൊള്ളുക. ദൈവഭയത്താൽ കണ്ണുകൾ ഈറനണിയുക.
വിശ്വാസികളിലെ ഉത്കൃഷ്ടൻ ഖുർആൻ പഠിക്കുന്നവനും പഠിപ്പിക്കുന്നവനുമാണെന്ന് പ്രവാചകനരുളിയിട്ടുണ്ട്. ഖുർആൻ പഠിക്കാനും അതിലെ സാരോപദേശങ്ങൾ ഉൾകൊള്ളാനും ആഗ്രഹിക്കുന്ന വിശ്വാസികളുടെ മുന്നിൽ, കേരളാ നദ്വത്തുൽ മുജാഹിദീൻ പ്രസിദ്ധീകരണമായ, മർഹൂം മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുർആൻ വിവരണത്തെ അടിസ്ഥാനമാക്കിയുള്ള ഖുർആൻ ഓൺലൈൻ പരീക്ഷാ സംരംഭം ഇസ്ലാഹി സെന്റർ ജനങ്ങളിലേക്ക് സമർപ്പിക്കുകയാണ്. ലോകത്ത് എവിടെ നിന്നും ആർക്കും ഈ ഓൺലൈൻ ഖുർആൻ പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്.
ഖുർആൻ ഓൺലൈൻ പരീക്ഷാ സംരംഭത്തെ സംബന്ധിച്ചുള്ള നിയമങ്ങളും നിർദ്ദേശങ്ങളും ഈ വെബ്സൈറ്റിൽ ലഭ്യമാണ്. ഖുർആൻ പഠനത്തിനും പ്രബോധനത്തിനുമുള്ള ഒരു എളിയ സംരഭം മാത്രമാണിത്. നമ്മുടെ പരിശ്രമങ്ങൾക്ക് അല്ലാഹു അർഹമായ പ്രതിഫലം നല്കി അനുഗ്രഹിക്കുകയും അവന്റെ സ്വർഗ്ഗത്തിന്റെ അത്യുന്നതങ്ങളിൽ നമ്മെ ഒരുമിച്ചു കൂട്ടുകയും ചെയ്യുമാറാവട്ടെ, ആമീൻ.